Sunday, October 22, 2006

കാവുങ്ങല്‍ കിട്ടുമില്ലക്കാരന്‍

കാവുങ്ങല്‍ കിട്ടുമില്ലക്കാരന്‍ കരക്കാരോട്‌ പിണങ്ങി. ഉത്സവം അടുത്ത്‌ വരുന്നു. കാവുങ്ങക്കാര്‍ ഒറ്റക്ക്‌ കുതിരയെ (എടുപ്പുകുതിര) കെട്ടാന്‍ തീരുമാനിച്ചു. കിട്ടുമില്ലക്കാരന്‍ പണിക്കാരോട്‌ നിര്‍ദേശിച്ചു "ഈ നാട്ടിലേക്കുംവച്ച്‌ ഏറ്റോം നല്ല ഒരു കുതിരേ കെട്ടാന്‍ കാവങ്ങക്കരെക്കൊണ്ട്‌ പറ്റും. പറ്റത്തില്ലേ ?" പണിക്കാര്‌ ഒരേ സ്വരത്തില്‍ പറഞ്ഞു, "പറ്റത്തും, പറ്റത്തും "

കിട്ടുമില്ലക്കാരന്‍ പറഞ്ഞ സ്ഥലത്ത്‌ വച്ച്ത്തന്നെ പണി തുടങ്ങി. കുതിര വലുതായി വന്നു. ഒടുക്കം അതിന്റെ പണി തീര്‍ന്നു. ഉത്സവവും വന്നു. നാട്ടുകാരെല്ലാം കാവുങ്ങലെ കുതിരയെ കാണാന്‍ തയാറായി നിന്നു. മണിക്കൂര്‍ ഒന്നായിട്ടും കാവുങ്ങലെ കുതിരയുമില്ല, കാവുങ്ങലെ കിട്ടുമില്ലക്കാരനുമില്ല. ഒടുക്കം എല്ലാര്‍ക്കും അറിഞ്ഞേ തീരു എന്നായി. കാവുങ്ങലോട്ട്‌ പോവുകതന്നെ.

കാവുങ്ങല്‍ കണ്ട കാഴ്ച്ച! അതാ കെട്ടിനകത്ത്‌ നിന്ന്‌ വരുന്നൊരു വടത്തില്‍ പണിക്കാരെല്ലാം ചേര്‍ന്ന്‌ വലിക്കുന്നു. കിട്ടുമില്ലക്കാരന്‍ നാട്ടാരെ കണ്ടതും കെട്ടിനകത്തേക്ക്‌ വലിഞ്ഞു. ഒരു പണിക്കാരനോട്‌ കാര്യം തിരക്കിയ വെളിച്ചപാടിന്‌ കിട്ടിയ മറുപടി ഇങ്ങനെ.. "കുതിരേ കെട്ടിയതേ... കെട്ടിനകത്തുവച്ചാ... !!!"


കിട്ടുമില്ലക്കാരന്‍ പിന്നെ വേറൊരു കുതിരയെ കെട്ടി. ഒരു വണ്ടികുതിരയെ. കെട്ടിനകത്ത്‌ വച്ചല്ല. അതു വലിക്കുന്ന കാര്യതില്‍ വീണ്ടും കരക്കാരും കാവുങ്ങക്കാരും തമ്മില്‍ തെറ്റി. "ഒരുത്തനും വേണ്ട. എന്റെ മോന്‍ വലിച്ചോളും കുതിരയെ", മില്ലക്കാരന്‍ പറഞ്ഞു. മോന്‍ എന്നു പറയുന്നത്ത്‌ കവുങ്ങല്‍ നീലാണ്ടനെയാണ്‌. അവന്‌ ഒന്നല്ല പത്ത്‌ കുതിരയെ വലിക്കാന്‍ പറ്റും...ആനയല്ലെ!!

കുതിരയെ ഇറക്കാന്‍ സമയമായി. നീലാണ്ടനെകൊണ്ട്‌ കുതിരയെ വലിക്കുന്ന വടം പിടിപ്പിച്ചു. ഒരു കുഴപ്പവും ഇല്ല. അവന്‍ നേരേ നോക്കി നില്‍കുന്നു. വടം വലിക്കാന്‍ നേരമായി. "മോനെ, തിരിഞ്ഞ്‌ നിക്കടാ " പാപ്പാന്‍ പറഞ്ഞു. നീലാണ്ടന്‍ തിരിഞ്ഞു നിന്നു. അതാ തൊട്ടുമുന്നില്‍ പല്ലിളിചുംകൊണ്ടൊരു കുതിര!! നീലാണ്ടനു ദേഷ്യം വന്നു. കൊടുത്തു, കുതിരക്കിട്ട്‌ ഒരു തൊഴി. ദേ കുതിര ഡിം. !!

3 comments:

ദേവന്‍ said...

ഇത്‌ ചരിത്രത്തില്‍ മായം ചേര്‍ത്ത്‌ മില്ലക്കാരെ ആക്ഷേപിക്കാനുള്ള ശ്രമമായിട്ടായിട്ടായിട്ടാണ്‌ എനിക്കു തോന്നാന്‍ സാധിക്കുന്നതായിട്ടുള്ളത്‌.

പച്ചത്തടിയില്‍ വണ്ടിക്കുതിരയെ പണിതത്‌ തെങ്കര മേശിരിമാരാണെന്നും അതിനെ വലിക്കാന്‍ തുണ്ടിലെ കോങ്കണ്ണനാനയെ ഏല്‍പ്പിച്ചെന്നും, ആന അതു വലിച്ചുകൊണ്ടു നടക്കാന്‍ തുടങ്ങിയപ്പോള്‍ പച്ച മരം ഉരഞ്ഞ്‌ "കീ കീയോ" ശബ്ദമുണ്ടായതു കേട്ട്‌ തിരിഞ്ഞു നോക്കിയെന്നും അപ്പോല്‍ പിന്നിലൊരു കുതിര പല്ലിളിച്ച്‌ , ലവന്റെ കൊടലുമാലയിട്ട ഭീമനെപ്പോലെ ചുവന്ന കിന്നരവും തൂക്കി വരുന്നതു കണ്ടെന്നും അടുത്ത സീന്‍ ധീം തരികിടതോം ആയിരുിന്നെന്നുമാണ്‌ ഞാന്‍ കേട്ടിരിക്കുന്നത്‌.

ഹാരപ്പയിലെ കുതിര പോലെ ഇതാ ഈ ഒരു വണ്ടിക്കുതിരയിലും എനിക്കു സംശയമുണരുന്നു.

ഇതിന്റെ സത്യാവസ്ഥ അറിയാതെ.. കാവുങ്ങല്‍ കളരിയാണെ, ഈച്ചരന്‍ മില്ലക്കാരനാണെ എനിക്കിനി സ്വസ്ഥതയില്ല.

അതു പറഞ്ഞപ്പൊഴാ. പൂച്ചക്കുട്ടിക്കറിയാമോ ഈമെയില്‍ എന്ന ഇലക്ട്രോണിക്കു കത്തു കണ്ടു പിടിച്ചതാരാണെന്ന്? ഇരുന്നൂറു കൊല്ലം മുന്‍പ്‌ ഈച്ചരന്‍ മില്ലക്കാരനാണ്‌ എലക്ട്രോണിക്ക്‌ മെയിലിംഗ്‌ കണ്ടു പിടിച്ചത്‌. അദ്ദേഹം അയക്കുന്ന സന്ദേശങ്ങളിലെല്ലാം ഒടുവില്‍ ഈ-മില്‍ (മൂപ്പരുടെ പേരിന്റെ ചുരുക്കെഴുത്ത്‌) എന്നു ചേര്‍ത്തിരുന്നു. മെയില്‍ എന്ന വാക്കിനോട്‌ സാദൃശ്യമുള്ളതിനാല്‍ അതു കിട്ടിയിരുന്ന റെസിഡന്റു സായിപ്പ്‌ അത്‌
"ഈ-മെയില്‍" എന്നു തെറ്റിദ്ധരിച്ചതാണ്‌ ( ഗവേഷണത്തിനു ക്രെഡിറ്റ്‌ രഘുവണ്ണന്‌)

ശ്രീജിത്ത്‌ കെ said...

ചിരിപ്പിച്ചൂലോ പൂച്ചക്കുട്ടീ. കലക്കി കേട്ടോ.

ഈ ബ്ലോഗിന്റെ പേര് മലയാളത്തിലാക്കുന്നതല്ലേ ഭംഗി?

2003PDN said...

Church Gate ലെ തിരക്കേറിയ ബസ്‌സ്റ്റാന്‍ഡില്‍ നിന്നും IIT powaiയിലേക്കുള്ള ബസ്സില്‍ കയറി. ഒരു വിധത്തില്‍ രണ്ടു പേര്‍ക്കും അടുത്തടുത്ത സീറ്റു തന്നെ ഒപ്പിച്ചെടുത്തു. ഇനി ഏകദേശം ഒന്നു ഒന്നര മണിക്കൂര്‍ ഈ ഇരിപ്പ് തുടരണം. ദൂരം കൂടുതലൊന്നും ഇല്ല, പക്ഷേ ട്രാഫിക്‌ ബ്ലോക്ക്‌, അതിവിടെ ഒരു സ്ഥിരം ഏര്‍പ്പാടാണ്. എങ്ങനെ സമയം കൊല്ലണമെന്നറിയില്ല ! ശരി അവനോട് എന്തേലും ചോദിച്ചു കളയാം..എടാ ഗ്രിപ്പറേ ( അതവന്റെ വിളിപ്പേരാണ്‌ ! , അതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്‌ അത്‌ പിന്നൊരിക്കലവാം). "പിന്നെ എന്തൊക്കെയുണ്ട്‌? എങ്ങനാ ഇവിടുത്തെ കൊയ്ത്തൊക്കെ ? നല്ല ചരക്കുകളൊക്കെ ഉള്ള street ഏതാ? " പറഞ്ഞു നാവെടുത്തില്ലാ അവന്‍ എന്നെ ഒരു രൂക്ഷ നോട്ടം... നാലുപാടും ഒന്നു തിരിഞ്ഞു നോക്കിയ ശേഷം ഒരു ദീര്‍ക്കനിശ്വാസത്തോടെ അവന്‍ പറഞ്ഞു " എടാ ഒന്നു പയ്യനെ പറ... എവിടെ പോയാലും മലയാളികളുള്ള സ്ഥലമാ, ആരേലും കെട്ടാ എന്തു നാണക്കേടാ.." . പിന്നെ കുറച്ചു നേരത്തെയ്ക്കു ഞങ്ങള്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ലാ. ആ മൌനം ഏറെ നേരം നീണ്ടു നിന്നു